Saturday, March 17, 2018

Bottom of the Pyramid Kneel and Pay !!

ഇരുണ്ട യുഗത്തിൽ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ
.............
      പ്രശസ്ത ചിന്തകൻ പെട്രാർക്ക് പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് ഒരു കാ।രണം റോമൻ കത്തോലിക്ക സഭയായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും നിറഞ്ഞ യൂറോപ്പിലെ സഭ സാംസ്ക്കാരിക ജീർണതയുടെ നേർസാക്ഷ്യമായിരുന്നു.
       സമ്പത്തും അധികാര ഗർവും സഭാനേതൃത്വത്തെ നയിച്ചപ്പോൾ വിശ്വാസികൾ ഇരുട്ടിലായി. വത്തിക്കാന് പണം നൽകി അധികാരം നിലനിർത്തി ചില മെത്രാൻ മാർ.  അനാചാരങ്ങളും അഴിമതിയും ധനസമ്പാദനത്തിനും അതുവഴി അധികാരമുറപ്പിക്കലിനും വഴിയായി.ജർമൻ ആർച്ച് ബിഷപ്പ് അൽബ്രെക്ട് രണ്ടു അതിരൂപതകളുടെ അധികാരം ഒന്നിച്ച് നിലനിർത്താൻ വൻ തുക ലോണെടുത്ത്  സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പണിക്ക് സംഭാവന നൽകി.
       ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെയാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞൻ മാർട്ടിൻ ലൂതർ 1517 ൽ വിറ്റൻബർഗ് കൊട്ടാരവാതിലിൽ തന്റെ 95 പ്രബന്ധങ്ങൾ തൂക്കിയിട്ടത്. സഭാനേതൃത്വത്തിനെതിരായ തുറന്ന പോരാണ് ഫാദർ മാർട്ടിൻ ലൂതർ തുടങ്ങി വച്ചത്. അതേ പോരാട്ടം ഓർമിപ്പിക്കുന്നു സിറോ മലബാർ സഭയിലെ വൈദികരുടെ നീക്കങ്ങളും. പക്ഷേ വിശ്വാസികൾ ഈ പോരാട്ടത്തിൽ എവിടെ നിൽക്കുന്നു?
           1520 ലാണ് ക്രിസ്ത്യാനിയുടെ സ്വാതന്ത്യം എന്ന പുസ്തകം എഴുതപ്പെട്ടത്. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനിയുടെ ചിന്തകളിലും നിലപാടുകളിലും ഇടം പിടിച്ചിട്ടുണ്ടോ ?വിശ്വാസിയുടെ ഭയവും അന്ധതയും മറയാക്കി സഭയിൽ കളളക്കച്ചവടങ്ങളും ലക്ഷങ്ങൾ മുടക്കിയുള്ള കോടതി വ്യവഹാരങ്ങളും പൊടിപൊടിക്കുന്നു. അഭിഷിക്തരെ ചോദ്യം ചെയ്താൽ ശാപം കിട്ടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകളെ നയിക്കുന്നത്. 
          സഭ, വിശ്വാസികളുടേതാണ് എന്ന് പറയുമ്പോഴും സ്വകാര്യ സ്വത്തായാണ് സഭാ നേതൃത്വം കാണുന്നത്. ഒരു സ്വകാര്യ കമ്പനിയെന്നും വിളിക്കാം. മെത്രാൻ എന്ന ചെയർമാനുo അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. കമ്പനിയുടെ സേവനങ്ങൾ ലഭിക്കാൻ, അത് കൂദാശയാകട്ടെ  ശുശ്രൂഷയാവട്ടെ ആശീർവാദം ആകട്ടെ ഫീസ് നൽകണം. സ്ട്രാറ്റജിക് ബിസിനസ്  യൂണിറ്റ് മോഡലിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും. 
         മൂവായിരത്തിൽപ്പരം ഇടവകകളും 50 ലക്ഷം വിശ്വാസികളും ഈ സംവിധാനത്തെ പരിപോഷിപ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുത് എന്ന വചനം അപ്പാടെ അട്ടിമറിക്കുന്നു.  നൂറ്റാണ്ടുകളുടെ പഴമയിൽ അഭിമാനിക്കുന്ന സിറോ മലബാർ സഭയിൽ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓർക്കുക. 

" ന്യായവും യുക്തവും ആയത് ആരിൽ നിന്ന് "?   (ഡോ. ജേക്കബ് തോമസ് )

No comments: