Thursday, May 10, 2018

Discipline Bridge !

അച്ചടക്കത്തിലെ  ചട്ടങ്ങൾ !!
                         അറിവ് അഥവാ വിജ്ഞാനം എന്നർഥമുള്ള " disciplina" എന്ന Latin വാക്കിൽ നിന്നാണ് discipline ,അച്ചടക്കം എന്ന വാക്കുണ്ടായത്. ജിം റോണിന്റെ വാക്കുകളിൽ, ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും തമ്മിലുള്ള പാലമാണ് അച്ചടക്കം.  ലക്ഷ്യപ്രാപ്തിക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യാതിരിക്കണം എന്നതാണ് അച്ചടക്കത്തിന്റെ നിർവചനം എന്ന് അരിസ്റ്റോട്ടിൽ പറയുന്നു.

                     മതം, സാമ്രാജ്യത്വം, അടിമത്തം, മൗലിക വാദങ്ങൾ തുടങ്ങിയവ സാമൂഹ്യജീവിതത്തെ സ്വാധീനിച്ചപ്പോൾ അച്ചടക്കത്തിന്റെ നിർവചനവും മാറി. വിധേയത്വം, നിയന്ത്രണം,അനുസരണ തുടങ്ങിയവയൊക്കെ അച്ചടക്കത്തിന്റെ ഭാഗമായി മാറി.  സാമ്രാജ്യത്വ ശക്തികൾ തയാറാക്കിയ ഡിക്ഷ്ണറികളിൽ discipline എന്ന വാക്കിന് ഈ അർഥങ്ങളൊക്കെ കാണാം. അത് ബോധപൂർവം സൃഷ്ടിച്ചതാണ്. ഭരണ വർഗത്തിന് മറ്റുള്ളവരെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ അച്ചടക്കം എന്ന വാക്ക് ആയുധമാക്കി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കാത്തവരെ നിലയ്ക്ക് നിർത്താൻ നാലക്ഷരം മതി. അച്ചടക്കം. തിരുവായ്ക്ക് എതിർവ ഉണ്ടാകരുതെന്ന് ചുരുക്കം. 

                   സമൂഹത്തിന്റെയോ സ്ഥാപനത്തിന്റെയോ പൊതു ലക്ഷ്യങ്ങളും അധികാരികളുടെ വ്യക്തിഗത ലക്ഷ്യങ്ങളും ( താൽപര്യങ്ങൾ ) തമ്മിൽ പൊരുത്തപ്പെടാത്തിടത്താണ് ഈ അച്ചടക്കമെന്ന ചൂരൽ പ്രയോഗിക്കപ്പെടുക. ഉദ്യോഗസ്ഥർ ദാസൻമാരാകുമ്പോൾ അഴിമതി തഴച്ച് വളരും. അഴിമതിരഹിത രാജ്യങ്ങൾക്ക് ഈ ചൂരൽ പ്രയോഗിക്കേണ്ടി വരുന്നില്ല എന്നതാണ് രസകരം. കാരണം അവിടെ എല്ലാവരും പൊതുനന്മ എന്ന ഒറ്റ ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നത്. അവിടെ ആർക്കും അധികാരികൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്നില്ല. രാജ്യത്തിന്റെ സുസ്ഥിര വികസനം എന്ന ഒറ്റ ദൗത്യമേ എല്ലാവർക്കുമുള്ളൂ.
              
                     അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ. 1979ൽ ലോകത്താദ്യമായി ശാരീരിക ശിക്ഷാ നടപടികൾ നിർത്തലാക്കിയത് സ്വീഡനിലാണ്. 
തുല്യതയിലൂന്നിയ ജനാധിപത്യം, അഴിമതിയുടെ ലാഞ്ചനകളെപ്പോലും മുളയിലെ നുള്ളുന്നു. അധികാരിവർഗത്തിന്റെ കള്ളത്തരങ്ങൾക്ക് കുടപിടിക്കുന്നതും " യേസ് സർ " സംസ്ക്കാരവും അന്നാട്ടുകാർക്ക് അന്യമാണ്.

                   വിധേയത്വത്തെ പ്രോൽസാഹിപ്പിക്കുകയും ക്രിയാത്മകതയെ സംശയിക്കുകയും ചെയ്യുന്ന ഭരണകൂടം നാടിനെ പിന്നോട്ടാവും നയിക്കുക.  ജനങ്ങൾക്ക് എല്ലാക്കാലവും സബ്സിഡി നിരക്കിൽ കിട്ടുന്ന ഭക്ഷണം മാത്രം കഴിച്ച് ജീവിക്കേണ്ടി വരും.      ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ഭരണം എന്ന എബ്രഹാം ലിങ്കന്റെ നിർവചനം അത്തരം ഭരണത്തിന് ചേരില്ല.
                            
                                                ഡോ. ജേക്കബ് തോമസ്

No comments: